Thursday, 24 May 2012

കുട


പുറത്തു മഴ ചാറുന്നുണ്ട് കുട എടുക്കണോ ,പുറത്തു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു .രണ്ടു നാളായി മഴ കുറവാണ്.ചിലപ്പോള്‍ മഴ ചാറി അങ്ങ് പോകുമായിരിക്കും .കുട എവിടെയെങ്കിലും വെച്ചു മറന്നാല്‍ പിന്നെ അത് മതിയാകും .ഇക്കൊല്ലം ഒന്ന് പോയി .ഇതു വരെ എന്‍റെ കയ്യില്‍ നിന്നു പോയ കുടയുടെ എണ്ണം പതിനൊന്ന്.കുട വാങ്ങുന്നത് ഞാനാണെങ്കിലും അതിന്‍റെ അവകാശികളും സൂക്ഷിപ്പുകാരും ഭാര്യയും കുട്ടികളുമാണ് .അതിനാല്‍ കുടപോയാല്‍ സമാദാനം തരില്ല .
ടൌണില്‍ നിന്നു മഴ പെയ്താല്‍ എവിടെയെങ്കിലും കയറി നില്‍ക്കാം .തിരുച്ചു വരുമ്പോള്‍ മഴ പെയ്താലാണ്‌ പ്രശ്നം .ബസ് ഇറങ്ങി കുറച്ചു നടക്കാനുണ്ട് വീട്ടിലേക്ക്.എല്ലാം ഒരു മനസ്സിലൂടെ  ചിത്രം പോലെ തെളിഞ്ഞു .എന്നിട്ടും   കുട വേണ്ട എന്ന് തീരുമാനിച്ചു അയാള്‍ ടൌണിലേക്ക് നടക്കാന്‍ ഇറങ്ങി .
പെട്ടെന്ന് പിന്നില്‍ നിന്നു ഭാര്യയുടെ ശബ്ദം -
"ങ്ങക്കെന്താ മനുഷ്യ പ്രാന്താണോ ഈ മഴയും കൊണ്ട് നടക്കാന്‍ ;ഒരു കൊട എടുത്തൂടെ,വല്ല പനിയും പിടിച്ചു കിടന്നാല്‍  ഞാന്‍ തന്നെ നോക്കണ്ടേ?.
അവളുടെ ശബ്ദം കേട്ടു അയാള്‍ തിരിഞ്ഞു നിന്നു . ചാറ്റല്‍ മഴ കൊള്ളാതിരിക്കാന്‍ തലയില്‍ കൈ വെച്ചു കുടക്കായി അയാള്‍  കാത്തു നിന്നു   .ഇതു വരെ പോയ കുടകളുടെ എണ്ണം അവള്‍ മറന്നത് കൊണ്ടാണോ ,അല്ലെങ്കില്‍ എനിക്ക് പനി പിടിക്കും എന്നുള്ള ആശങ്ക കൊണ്ടാണോ അവള്‍ നിര്‍ബന്ധിക്കുന്നത്‌ അയാള്‍ക്ക് മനസ്സിലായില്ല .
പകുതി ദൂരം കഴിഞ്ഞപ്പോള്‍ തന്നെ മഴ നന്നായി പെയ്യാന്‍ തുടങ്ങി .കുട എടുത്തില്ലെങ്കില്‍ ഇന്നത്തെ പോക്ക് തന്നെ മുടങ്ങിയേനെ .അവള്‍ പറഞ്ഞില്ലെങ്കില്‍ കുട എടുക്കില്ലായിരുന്നു.എന്തായാലും നന്നായി .
ടൌണി ലെത്തി പോയ കാര്യങ്ങള്‍ എല്ലാം തീര്‍ത്തു അയാള്‍ വീട്ടിലേക്ക് തിരിച്ചു .സമയം വല്ലാതെ വൈകിയിരുന്നു .ബസ്‌ ഇറങ്ങേണ്ട സമയമായപ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ എല്ലാം ഉണ്ടോ നോക്കിയപ്പോള്‍ കുട കാണാനില്ല .പച്ചകറി കൂടയിലും സീറ്റിനു അടിയിലും എല്ലാം ഒന്ന് കൂടി നോക്കി .എങ്ങും കാണുന്നില്ല .പുറത്താണെങ്കില്‍ നല്ല മഴയും .
അയാള്‍ ടൌണില്‍ പോയ സ്ഥലങ്ങളിലൂടെ എല്ലാം ഒന്ന് മനസ്സോടിച്ചു ,ആദ്യം പോയത് ഭാര്യയുടെ കാല് വേദനയുടെ അരിഷ്ടം വാങ്ങാന്‍ ചന്തു വൈദ്യരുടെ കടയിലേക്ക് ആയിരുന്നു .അവിടെ നിന്നു പോരുമ്പോള്‍ വൈദ്യര് കുട എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു .അപ്പോള്‍ എന്‍റെ കയ്യിലുണ്ട് ,പിന്നെ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ ചെറിയ മഴ പെയ്തിരുന്നു .ഞാന്‍ കുട ചൂടിയാണ് മീന്‍ കടയുടെ മുന്നില്‍ നിന്നത് .
പിന്നെ പോയത് പച്ചകറി വാങ്ങാനാണ്.ഓര്‍മകള്‍ക്ക് ചെറിയൊരു മങ്ങല്‍ . എവിടെ വെച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല .
ബസ്സിറങ്ങി ചോര്‍ന്നൊലിക്കുന്ന വെയിറ്റിംഗ് ഷെഡ്‌ ന്‍റെ ഒരു ഓരത്ത് കുറെ നേരം നിന്നു .സമയം കുറെ വൈകി ,അവളും കുട്ടികളും മാത്രമേ വീട്ടിലുള്ളൂ എല്ലാവരും പേടിച്ചിരിക്കുകയായിരിക്കും. 
ഒരു ചെറിയ ചോര്‍ച്ചയില്‍ അയാള്‍ വീട്ടിലേക്ക് നടന്നു .ആകെയുണ്ടായിരുന്ന കുടയായിരുന്നു അതും പോയി .ഈ മഴകാലം കഴിയും വരെ അതിന്‍റെ പിറു പിരുപ്പ് മാറൂല.നനഞ്ഞു കുതിര്‍ന്നു വീട്ടിലെത്തി വാതില്‍ തുറക്കുന്നതിനായി കാത്തു നിന്നു .
വാതില്‍ തുറന്നു അവള്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന  എന്നെ കണ്ടതും അവള്‍ക്കു കാര്യംപിടികിട്ടി .അവളുടെ  തുറിച്ച നോട്ടത്തില്‍ ഞാനൊരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു നിന്നു .ടൌണില്‍ നിന്നു കൊണ്ട് വന്ന  സാധനങ്ങള്‍ വാങ്ങാതെ ,ഒരു തോര്‍ത്ത്‌ പോലും എടുത്തു തരാതെ ,അവള്‍ നീരസത്തോടെ  അകത്തേക്ക് പോയി .
മഴ കൊണ്ട് വന്ന  എനിക്ക് പനിക്കും എന്ന ആശങ്കമൂന്നോ നാലോ മണിക്കൂറിനുള്ളില്‍   അവളില്‍ നിന്നു നഷ്ട്ട പെട്ടത് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത നിരാശ  തോന്നി .കയ്യിലുള്ള സാധനങ്ങള്‍ അവിടെ വെച്ചു അയാള്‍ കുട വാങ്ങാനായി  ടൌണിലേക്ക് നടന്നു .

No comments: