Tuesday 25 September 2012

നിള



താരാട്ടിന്‍റെ ഈണം കൊതിച്ചവള്‍
ജീവിതത്തിന്‍റെ താളംവില്‍ക്കപെടുന്നു.
 
കൊയ്തുകഴിഞ്ഞ പാടം പോലെ നിള
ചുമട് ഇറക്കിയ കീഴാളന്റെ കിതപ്പ് 
വിധവയുടെ നെടു വീര്‍പ്പ്
പങ്ക് നഷ്ട പെട്ട കുട്ടിയുടെ നിരാശ
മരണം കാത്തുകഴിയുന്ന വൃദ്ധയുടെ മൂകത 
പോയ കാല വസന്തത്തിന്റെ നനവ് 
കയ്യേറ്റ കാരന്‍റെ ദുര്‍ഗന്ധം. 
ബാക്കിയായ മത്സ്യങ്ങള്‍ 
മോചനത്തിനായി കേഴുന്നു 
അരുതേ എന്ന് ഗ്രന്ഥങ്ങള്‍ 
വിശ്വാസം നടിച്ചവര്‍ അത് കേട്ടില്ല. 

മരണതന്‍ നദിവേഗ 
ജാലകം തുറക്കുന്നു 
പ്രജ്ഞയില്‍ നിലാവിന്‍റെ
കുളിരും ലയങ്ങളും 
അകലെ വാനത്തില്‍
നേര്‍ത്ത കാട്ടിലൂടെ ഒലിച്ചു പോകുന്നു 
ജല കന്യക .



Monday 3 September 2012

ഉത്തരാധുനിക പ്രണയം 

ഓര്‍ക്കാന്‍ ഒന്നുമില്ലാതിരുന്നപ്പോളാണ് പ്രിയപെട്ടവളെ 
എനിക്ക് നിന്നെ കുറിച്ച് ഓര്‍മവന്നത് .
നിഗൂഡതകള്‍ പേറുന്ന ഇരുണ്ടജലാശയത്തില്‍ നിന്ന് 
ഉയര്‍ന്നു പൊങ്ങുന്ന ഒരു പരല്‍മീനിനെ പോലെ നീ .

ഘടികാരത്തിലെ കറുത്ത ചിറകടി 
ഹൃദയത്തെ -
ബീജ ഗണിത ലഘൂകരണത്തിലേക്ക്
വലിച്ചെറിയുന്നു 

ഗണിത ശിഖരത്തില്‍ ജീവന്‍റെ ദുര്‍നാടകം.

വിരസതകള്‍ ചേക്കേറുന്ന ഭ്രാന്തിന്റെനിമിഷങ്ങളില്‍ 
എനിക്ക് നിന്‍റെ ഓര്‍മയും പ്രണയവും വേണം 
ഒരു തുലാവര്‍ഷ മഴപോലെ നീ 
എന്നെ നനയ്ക്കുക .
ദാഹിക്കുമ്പോള്‍ ചുംബനങ്ങളുടെ 
ഒരു ചഷകം തരിക .
മൌനത്തിന്‍റെ പെരുമഴയില്‍ 
നനഞ്ഞു കുളിക്കുമ്പോള്‍ 
ഇന്റെര്‍നെറ്റിലെ പുതിയ ദൃശ്യങ്ങളെകുറിച്ച് പറയാം.
അല്ലെങ്കില്‍ ടെണ്ടുല്‍ക്കറിന്റെ ഗ്രന്ഥപഠനത്തെ കുറിച്ച്,
അതുമല്ലെങ്കില്‍ ഹോളിവൂഡിലെ നൃത്തചിത്രങ്ങളെ കുറിച്ച്....
ഒടുവില്‍ 
ഗര്‍ഭപാത്രത്തിലേക്ക്  തുറിച്ചുനോക്കുന്ന 
കുഞ്ഞിന്‍റെ മരണ മുഖംകണ്ട് 
നിര്‍വികാരമായി കൈ വീശിപിരിയാം.
പിന്നെ ഓര്‍ക്കാം .
വിരസതയുടെ നിമിഷങ്ങളത്രയും
ഓര്‍ക്കാനുള്ളതാണ്.