Sunday 12 August 2012


എന്‍റെ 
ദുരാഗ്രഹ
ആശങ്കകള്‍ 



                  വയസ്സ് മുപ്പത്തി അഞ്ചു ആയി. ഇനി അഞ്ചു കൊല്ലം കഴിഞ്ഞാല്‍ യൂത്ത് കമ്മിറ്റിയില്‍ മെമ്പര്‍ ഷിപ്‌ കിട്ടില്ല. എല്ലാം എത്ര പെട്ടെന്ന്. കുറച്ചു നാള്‍ കൂടി ചെറുപ്പകാരന്‍ എന്ന പേരുണ്ടാകും. അത് കഴിഞ്ഞാല്‍ എല്ലാം പെട്ടെന്നാകും . മധ്യ വയസ്സന്‍ ,വയസ്സന്‍ കിളവന്‍ ,പിന്നെ മരണം ...ഹോ ആലോചിക്കാന്‍ തന്നെ വയ്യ .


         കഴിഞ്ഞു പോയ കുട്ടികാലം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
കോട്ടി [ഗോലി]കളിയും ,മണ്ണ് കൊണ്ട്  ചോറും കറിയും വെച്ചും, ആത്ത മരത്തില്‍  ഊഞ്ഞാല്‍ ആടിയും,മഴയില്‍ കുളിച്ചു നടന്നതും ,പുഴയിലെ മുട്ടോളം വെള്ളം ഉള്ള ഭാഗത്ത്‌ നീന്തി പഠിച്ചതും ,തോര്‍ത്ത്‌ കൊണ്ട് പരല്‍ മീന്‍ പിടിച്ചതും ,കാണുന്ന മാവിനൊക്കെ എറിഞ്ഞതും ,എന്നിട്ട് കേട്ട തെറികളും അങ്ങിനെ എഴുതിയാല്‍ തീരാത്തത്ര എന്തെല്ലാം. ഓര്‍കുമ്പോള്‍ തന്നെ ഒരു പുലര്‍ കാല കുളിര്.

പാല് അയിസും,അരുള്‍ ജോതി മുട്ടായിയും ,പുളി അച്ചാറും ,നാരങ്ങ മുട്ടായിയുടെയും രുചി വായില്‍ നിന്നു മാറിയിട്ടില്ല .അപ്പോഴേക്കും വാര്‍ദ്ധക്യവും മരണവും .എന്തൊരു കഥ .

                       പിന്നെ വിദ്യാഭ്യാസ കാലം .ഇതൊക്കെ എന്നാ ഉണ്ടായതു ഈ സ്കൂളും  കോളേജും ഒക്കെ ഉണ്ടാകുന്നതിനു മുന്പ് ഇവിടെ ആളുകള്‍ ജീവിച്ചില്ലേ .സാംസ്കാരികമായി ചിന്തിക്കുക ,പ്രവര്‍ത്തിക്കുക ,ജീവിക്കുക ഇതൊക്കെയല്ലേ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് .ഇത് വിദ്യാഭ്യാസം ഇല്ലെങ്കിലും നടക്കും.നേടിയവര്‍ കൂടിയപ്പോഴാണ് നാടിന്‍റെ സ്വസ്ഥത കൂടുതല്‍നശിച്ചത് .അതൊക്കെ കരുതി ഒരു പത്തു വരെ .
കോളേജില്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പത്തില്‍ തോറ്റത് കൊണ്ട് അത് നടന്നില്ല .

                          പിന്നെ കരുതി ഭാവിയില്‍ ഒരു അംബാനി ആകണം എന്ന് .അങ്ങിനെ പലതും ചെയ്തു നോക്കി.ഒന്നും നടന്നില്ല ചെയ്യാത്ത പണികളില്ല . ഇപ്പറത്തു അംബാനിയുടെ അക്കൌണ്ടില്‍ പൂജ്യം കൂടി കൂടി വന്നു എന്‍റെ ബാങ്ക് അക്കൌണ്ടില്‍ പൂജ്യങ്ങളുടെ എണ്ണം കുറഞ്ഞു അക്കൌന്റ്  അവസാനം കട്ടായിപോയി.

                        ഇടക്ക് കുറച്ചു കാലം .ആധിപിടിച്ച കുറെ നാളുകള്‍ .പ്രാരാബ്ധങ്ങളുടെ കൂട്ടയോട്ടം .എന്നിട്ടോ എന്തെങ്കിലും നേടിയോ? അതുമില്ല  എനികുമില്ല ..വീട്ടുകാര്‍കുമില്ല,നാട്ടുകാര്‍കുമില്ല എന്ന അവസ്ഥയായി.

                               പ്രവാസി യായപ്പോള്‍ ആദ്യം കിട്ടിയത് ഷുഗറും പ്രഷറും ,..പ്രവാസികള്‍ക്ക് ഇക്കാമ പോലെയാണ് ഷുഗറും പ്രഷറും .ഇത് ഇല്ലാത്തവന്‍ പ്രവാസിയല്ല .എനിക്ക് ഇക്കാമ കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റു രണ്ടു കാര്‍ഡും കിട്ടി .പേപ്പര്‍ ഓക്കേ റെഡിആണ്‌ .
നാട്ടിലായിരുന്നപ്പോള്‍ ഒരു പ്രഷറും ഷുഗറും ഇല്ലായിരുന്നു .അല്ല എങ്ങിനെ ഉണ്ടാകും .ചെണ്ടക്ക് കോല് വെക്കുന്നടിത് എല്ലാം ഓടുകയല്ലേ !എല്ലാ ഗാനമേളക്കും,അയ്യപ്പന്‍ വിളക്കിനും ,നാലാള് കൂടുന്നിടത്ത് എല്ലാംഎത്തേണ്ട . അപ്പൊ ഇതൊക്കെ ആരു നോക്കുന്നു .നാട്ടില്‍ ആയിരുന്നപ്പോള്‍ പ്രായ മുള്ളവര്‍ പോലും ഷുഗര്‍ ,പ്രഷര്എന്ന് പറഞ്ഞാല്‍ പുച്ഛമായിരുന്നു .


               ഈയിടെയായി ഇടക്കിടെ  ചെസ്റ്റിനു ഒരു ചെറിയ പുകച്ചിലും വേദനയും .ഇടതു ഭാഗത്താണ് കൂടുതലും പുകച്ചില്‍ .ഇടതു വശത്തായത് കൊണ്ട് കുറച്ചു ഭയം കൂടി.

                 ഹൃദയം ആ ഭാഗത്താണ് എന്ന് തോന്നുന്നു .തട്ടി പോയാലോ എന്നൊരു ഭയം വല്ലാതെ കൂടി .ഗ്യാസ് ആയിരിക്കും എന്ന് കരുതി സമാദാനിക്കാന്‍ നോക്കി .അപ്പൊ കൂട്ടുകാര്‍ പറഞ്ഞു ഡോക്ടറെ  ഒന്ന് കാണിക്കാന്‍ .എന്തെങ്കിലും പറ്റിയാല്‍ ആരും ഉണ്ടാവില്ല. അന്യ നാട്ടിലാണ് എന്നൊക്കെ .എന്നാല്‍ ഒന്ന് കാണിക്കാം എന്ന് ഞാനും കരുതി .
            അടുത്തുള്ള ഹോസ്പിറ്റലില്‍ ഒരു ബംഗാളി ഡോക്ടറെ കാണിച്ചു .കമ്പനി ബില്ലായത് കൊണ്ട് ഒരു വിധം എല്ലാം ചെക്ക്‌ ചെയ്തു .ദാ ,,,കിടക്കുന്നു പുതിയ ഒരു സൂക്കേട്‌ കൂടി .
കൊളസ്ട്രോള്‍ .ബാഡ് കൊളസ്ട്രോള്‍ കൂടുതലും നല്ല കൊളസ്ട്രോള്‍ കുറവും .അത് പിന്നെ ആവിശ്യ മില്ലാത്തത് എന്റെടുത്ത്‌ അല്പം കൂടുതലാണ് .അപ്പൊ കൊളസ്ട്രോള്‍ ആയിട്ടു  കുറയില്ലല്ലോ.
ഒരു കൂട് നിറച്ചു മരുന്നും ചീട്ടും ആയിട്ടു റൂമിലേക്ക്‌ മടങ്ങി .മരിച്ചു പോകുമോ എന്നചിന്തയില്‍ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി .ഈ മണല്‍ കാട്ടില്‍ നിന്നു മരിച്ചാല്‍ [പടച്ചോനെ കാത്തോളനെ]എന്തായിരിക്കും സ്ഥിതി മറവു ചെയ്യുന്നിടത്ത് ഒരില തണല്‍ ഇല്ല.പരിചയം ഉള്ള ആരും ഉണ്ടാവുകയും ഇല്ല  .അല്ല മരിച്ചാല്‍ പിന്നെ എന്തു തണല്‍ ,എന്തു പരിചയം .
               പിന്നെ ഭക്ഷണം കുറച്ചു ,കമ്പനിയിലെ സെക്കുര്യട്ടി സുടാനിയെയും കൂട്ടി ഓട്ടം തുടങ്ങി  .ഒക്കെ ഒരു മാസം പിന്നെ പഴയ പടി .ഇപ്പോ ഈ നല്ല പ്രായത്തില്‍ എല്ലാം ആയി.സന്തോഷമായി .
നാട്ടില്‍ ചെന്നിട്ടുള്ള ചുറ്റി കറങ്ങള്‍ ഓര്‍ത്തിട്ടു ഒരു സമാതാനവുമില്ല.കഴിഞ്ഞു പോയത് ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടക്കും .ഇവിടെയാണെങ്കില്‍ പണി കഴിഞ്ഞാല്‍ റൂം .ഒരു പെണ്ണിനെ നല്ല വണ്ണം കണ്ടിട്ട് വര്‍ഷം മൂന്നായി .കറുത്ത പര്‍ദയിട്ട മൂടി പുതച്ചുള്ള പോക്ക് കാണുമ്പൊള്‍ തന്നെ കലിയാണ്.ഇനി നോക്കി പോയാലോ തല പോകുന്ന കേസും .

               ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തല മുടി നരക്കാന്‍ തുടങ്ങി .ഇപ്പോ താടിയും മൂനാലെണ്ണം നരച്ചു അതും കൂടി യായപ്പോള്‍ ആകെ തളര്‍ന്നു .കണ്ണാടി നോക്കാനൊന്നും പഴയ താല്പര്യം ഇല്ല .നാട്ടില്‍ ചെന്നിട്ടു വായി നോക്കി നടക്കണം എന്ന് വിചാരിച്ചതായിരുന്നു. താടിയും മുടിയും നരച്ചവനെ ഏത് പെണ്ണാണ്‌ നോക്കുക [ഇത് എന്‍റെ പെണ്ണ്പിള്ള വായിക്കില്ല എന്ന് കരുതുന്നു .കുടുംബ കലഹം ]

                    നാസയിലേക്ക് ഒരു കത്തെഴുതണം .നിങ്ങള് ചൊവ്വയിലും ബുധനിലും തപ്പി നടക്കാതെ നാട്ടില്‍ വന്നു വയസ്സകാണ്ടിരിക്കാനും ആയുസ്സ് നീട്ടി കിട്ടാനും ഉള്ള മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കില്‍ .ഉള്ളതെല്ലാം വിറ്റു പെറുക്കി യെങ്കിലും വാങ്ങി കഴിക്കാമായിരുന്നു  .ജീവിക്കാനുള്ള കൊതി കൊണ്ടല്ല മരിക്കാനുള്ള ഭയം കൊണ്ടാണ്. 

                                     ചെമ്പ് എന്ന സ്ഥലത്ത്  ജനിച്ചിരുന്നെങ്കില്‍  മ്മളെ  മമ്മൂട്ടിയുടെ അയല്‍ വാസിയായിട്ടു .എന്നാ പിന്നെ ഓന് ചെയ്യുന്നത് ഒളിഞ്ഞു നിന്നു നോക്കി ഓന്റെ മാതിരി ആകാമായിരുന്നു .പഹയനു പത്തറുപതു വയസ്സായിട്ടും ഒരു കോട്ടവുമില്ല.പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ട്യോളപ്പം
ആടി പാടി നടക്കുകയല്ലേ .പഹയന്‍ ഓന്റെ സൌന്ദര്യത്തിന്റെ രഹസ്യം പറഞ്ഞു തരുന്നില്ല .
                     അറുപതു വയസ്സുള്ള മമ്മൂട്ടിയും മുപ്പത്തി അഞ്ചു വയസ്സുള്ള ഞാനും നിന്നാല്‍ പെണ്ണുങ്ങള്‍കെല്ലാം മമ്മൂട്ടീനെ മതി .മമ്മൂട്ടിക്ക് എന്തെ കൊമ്പുണ്ടോ ?. ഓന് ദൈവം എല്ലാം വാരി കോരി നല്‍കി .ഞമ്മക്ക് ഇച്ചിരി യെ തന്നുള്ളൂ .[അസൂയ ]

                  പലപ്പോഴും ഇങ്ങിനെ ഓരോന്ന് ആലോചിച്ചു നിരാശിച്ചു കിടക്കുമ്പോള്‍ സമാധാനിക്കാന്‍വേണ്ടി ഭഗവത് ഗീതയില മഹത് വചനങ്ങള്‍ ഓര്‍ക്കും .സംഭവിച്ചതെല്ലാം നല്ലതിന് ,ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് ..എന്നാലോ ഇതൊന്നും ആലോചികാണ്ട് നടക്കുമ്പോള്‍ അടുത്ത വീട്ടിലെ ഗീതയെ പറ്റി ഓര്‍ത്തു കിടക്കും .
                  പിന്നെങ്ങിനെ നന്നാകും .നന്നാകരുത് നന്നായി പോയാല്‍ രാഷ്ട്രപതി യായി പോകും .പത്തു നാനൂറു മുറിയുള്ള വീട്ടില്‍ രാഷ്‌ട്രപതി ഭവന്‍ അതും ഒരു ജയിലാണ് .ചുറ്റും ഒരു പാട് ആളുകളും പരിചാരകരും ഒക്കെയായിട്ട്‌ ഒരു ബഹളമായിരിക്കും.

              വൈകുന്നേരത്തെ ഒരു ഒഴിവിനു അടുത്ത ബസ്‌ സ്റ്റോപ്പില്‍ പോയി കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞിരിക്കാന്‍ കഴിയില്ല ,പിന്നെ കട്ടയിട്ടു [പിരിവു ]കാട്ടാസ് റം വാങ്ങി അടിച്ചു പിമ്പിരിയായി എവിടെയെങ്കിലും വീണു കിടക്കാനും ഒന്നും കഴിയില്ല .അത് കൊണ്ട് അത് ഞമ്മക്ക് ശരിയാകില്ല .

               ഒടുവില്‍ ദുര്‍ഗുണ പാഠ ശാലയിലേക്ക് [സൌദി ]വിമാനം കയറി നാട്ടില്‍ അലമ്പ് കളിച്ചു നടക്കുന്നവരെയും ,കിട്ടുന്നത് അന്നന്ന് നശിപ്പികുന്നവരെയും നന്നാക്കി എടുക്കാനുള്ള വര്‍ക്ക്‌ ഷോപ്പാണ് ഗള്‍ഫ്‌ നാടുകള്‍ .പ്രത്യകിച്ചു സൌദി .
                 ഉള്ളത് പറയണമല്ലോ ഇപ്പോള്‍ മൂന്ന് കൊല്ലമായി വലിയ തെറ്റുകളൊന്നും ചെയ്യാതെ കിട്ടുന്നതില്‍ മിച്ചം വെച്ചു കഴിയുന്നു ഇങ്ങിനെ നാട്ടില്‍ കഴിഞ്ഞിരുന്നെങ്കില്‍ വീട്ടിലെങ്കിലും ഒരു അംബാനിയാകാംമായിരുന്നു.

                         പറഞ്ഞു വന്നത് വയസ്സ് മുപ്പത്തി അഞ്ചു .കേരളത്തില്‍ ഒരാളുടെ ശരാശരി ആയുസ്സ് പണ്ട് അറുപതു വയസ്സായിരുന്നു .ഇപ്പോള്‍ അന്പതാണ് എന്നാണ് ഓര്‍മ .അങ്ങിനെയെങ്കില്‍ .366 ഗുണനം50=18300 ദിവസം 
                അമ്പതു വര്‍ഷം ജീവിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന ദിവസം .എനിക്ക് ഇനി ബാക്കി പതിനഞ്ചു വര്‍ഷം 15 ഗുണനം 
 366 =5490 ദിവസം .തല ചുറ്റുന്നത്‌ പോലെ തോന്നുന്നു വെറും 5490 ദിവസം. മുപ്പത്തി അഞ്ചു വര്‍ഷം തന്നെ പെട്ടെന്ന് പോയി പിന്നയാ പതിനഞ്ചു വര്‍ഷം .അതില്‍ കൂടുതല്‍ കിട്ടിയാല്‍ ബോണസ്സായിരിക്കും.നിങ്ങളും ഒന്ന് കൂട്ടി നോക്കു എത്ര ദിവസം ബാക്കിയുണ്ടെന്ന് 
                എത്രയും കാലം ജീവിച്ചു എന്ന് പറയാന്‍ പറ്റില്ല .കഴിഞ്ഞു എന്നെ പറയാന്‍ പറ്റുള്ളൂ .ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രഷര്‍ ,ഷുഗറും ,കൊളസ്ട്രോളും ,നരയും ഒടുവില്‍ മരണവും ഒന്നും പറയേണ്ട ..തല വിധി അല്ലാതെന്താ പറയുക .
                             ദൈവമേ ഒരു നൂറു വയസ്സ് ആയുസ്സെങ്കിലും തരണേ ,പിന്നെ കുറെ പണവും ..........
                               മനസ്സില്‍ ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല ...ശരീരം അനുസരണ കേടു കാണിക്കുന്നു .അനുഭവിക്കുക തന്നെ .

Friday 3 August 2012

കാരക്ക അച്ചാര്‍.... ..

കാരക്ക അച്ചാര്‍.... ..  ...  


കാരക്കക്ക്  ഈത്ത പഴം എന്നും പേരുണ്ട്,അറബിയില്‍ തമര്‍ എന്നും ഹിന്ദിയില്‍ കജൂര്‍ എന്നും ഇംഗ്ലീഷില്‍ dates എന്നും പറയും വേറെ ഭാഷയില്‍ ചോദിക്കരുത് അറിയില്ല .മരുഭൂമിയിലെ കായ്കുന്ന സ്വര്‍ണം മാണ്‌ കാരക്ക .യാതൊരു ദോഷ ഫലങ്ങള്‍ ഇല്ലാത്ത കാരക്ക  പോഷക സമ്പുഷ്ടമാണ്. 
പല നാടുകളിലും കാരക്ക കൃഷി ചെയ്യുന്നുണ്ട് .എന്നാലും അറേബ്യന്‍ നാടുകളിലെ കാരക്കയാണ്  ഗുണത്തില്‍ മുന്നില്‍ .മുഹമ്മദ്‌ നബിക്ക് [സ ]ഏറെ ഇഷ്ടമുള്ള കാരക്കയാണ് അജുവ .വില കൂടുതലാണെങ്കിലും നല്ല സ്വാദിഷ്ടവും  പോഷക സമ്പുഷ്ടമാണ് .ദിവസവും കഴിച്ചാല്‍ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുന്നതുമാണ് 


അച്ചാറിന്റെ കൂട്ടുകള്‍ പറയും മുന്പ് അതുണ്ടാക്കാന്‍ വന്ന സാഹചര്യം കൂടി ഒന്ന് പറയാം .അപ്പോഴേ അതിനു രസമുണ്ടാകുകയുള്ളൂ എന്ന് തോന്നുന്നു.

                      ചരിത്ര മുറങ്ങുന്ന മദീനയില്‍ ആണ്‌ ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്.അന്ത്യ പ്രവാചകന്‍ മുത്ത്‌ റസൂല്‍ ഉറങ്ങുന്ന ഹറമില്‍ നിന്നു ഏകദേശം നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക്. 
മദീനയിലെ പഴയ പള്ളികളില്‍ ഒന്നാണ് മസ്ജിദ് ഇറുവ ,ഈ പള്ളിയോടു ചേര്‍ന്നാണ് എന്‍റെ റൂം.ഇസ്ലാമിക ചരിത്രവുമായി ബന്ധപെട്ട വേറെയും കുറെ പള്ളികള്‍ ഉണ്ട് ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത്  .മസ്ജിദ് കുബ,മസ്ജിദ് മീക്കാത്,മസ്ജിദ് കിബലെതെന്‍,ബിലാല്‍ മസ്ജിദ്,തുര്‍ക്കി മസ്ജിദ് എന്നിവ.

ഇറുവ മസ്ജിദില്‍ ആണ് ഞാന്‍ നോമ്പ് തുറക്കാന്‍ എല്ലാ ദിവസവും പോകാറ്  [ഹറമിലും പോകാറുണ്ട്] കൂടുതല്‍ ദിവസവും ഇവിടെയാണ് പോകുക .ഈ പള്ളിയില്‍ നോമ്പ് തുറക്കാന്‍ ഏകദേശം നൂറില്‍ കുറയാത്ത ആളുകള്‍ ഉണ്ടാകും .ഇവിടെ എത്തുന്ന എല്ലാവര്‍ക്കും ഓരോ പ്ലാസ്റ്റിക് കവറില്‍  വെള്ളം ,കാരക്ക,ജൂസ്,ലബാന്‍[ [[[[[[മോര്] സബാതി[തൈര് ] കഫ്സ[നാട്ടിലെ ബിരിയാണി പോലെത്തെ അറബി ഭക്ഷണം ഇതാണ് പിന്നീട ബിരിയാണി ആയത്എന്ന് തോന്നുന്നു ]പിന്നെ തമ്മീസ് ഇത്രയും സാധനങ്ങള്‍  ഉണ്ടാകും .നോമ്പ്  തുറക്കുമ്പോള്‍ കാരക്കയും വെള്ളവും കഴിച്ചു തുറക്കും .പള്ളിയില്‍ ഇരുന്നു കഴിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും മഗിരിബ് നിസ്കാരം കഴിഞ്ഞു റൂമില്‍ വന്നിട്ടേ അല്പം കനത്തില്‍ കഴിക്കുകയുള്ളൂ .
മൂന്ന് പേരുള്ള റൂമില്‍ മൂന്ന് പേരും ഭക്ഷണം റൂമില്‍  കൊണ്ട് വരും. നോമ്പ് പത്തു ആയപ്പോഴേക്കുംപള്ളിയില്‍ നിന്നും കിട്ടിയ  കാരക്ക രണ്ടു കിലോയോളം റൂമില്‍ ബാക്കിയായി .എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് വീട്ടില്‍ നിന്നു കാരക്ക അച്ചാര്‍ കഴിച്ചത് ഓര്‍മ വന്നു .പിന്നെ ഒന്നും നോക്കിയില്ല കേരള സ്റ്റോറില്‍ പോയി അച്ചാറ് പൊടിയും മറ്റു സാധനങ്ങളും വാങ്ങി അടുക്കളയിലേക്കു പ്രവേശിച്ചു .അറിയും പോലെ അങ്ങ് ഉണ്ടാക്കി .

ഞങ്ങള്‍ കൊഴികൊട്ടുകാര്‍ക്ക് അച്ചാര്‍ വലിയ ഇഷ്ടമാണ് പലരും ഇതുവരെ കൂട്ടാത്ത ഒരു പാട് അച്ചാര്‍ ഞങ്ങളെ പ്രദേശത്ത് ഉണ്ടാക്കും ,പറങ്കി മാങ്ങാ ,ചേന ,ജാതിക്ക ,കാരക്ക അങ്ങിനെ പോകും ലിസ്റ്റ് .
ഇപ്പോള്‍ കുടുംബ ശ്രീ ക്കാര്‍ നൂറ്റിയൊന്ന് തരം അച്ചാര്‍ ഉണ്ടാക്കി വില്കുന്നുനുണ്ട് .
 അച്ചാര്‍  ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ തോന്നി എന്‍റെ ബ്ലോഗിലെ പാചകത്തില്‍ ഒരു കുറിപ്പ് എഴുതാം എന്ന് .
ഇതിനു മുന്പ് ഞാന്‍ മോരു കറി ഉണ്ടാക്കുന്നതിനു  കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു .അത് വായിച്ച പ്രവാസികളായ  എന്‍റെ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ എന്നെ വിളിച്ചു പറഞ്ഞു ഞങ്ങള്‍ ഉണ്ടാക്കി നോക്കി നന്നായിടുണ്ട് എന്നല്ലാം .
ഇനി എന്‍റെ അച്ചാര്‍ കുറിപ്പ്  ഏതെങ്കിലും ഒരു  പ്രവാസികെങ്കിലും ഉപകാര പെട്ടാല്‍ ഉള്ള ജാടയില്‍ അല്പം കൂടി കൂട്ടമായിരുന്നു.

 എത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു സംശയം .എന്‍റെ ഉള്ളിലെ സദാചാര പോലീസ് ഉണര്‍ന്നു .ഒരു തട്ടി കൂട്ട് അച്ചാര്‍ ഉണ്ടാക്കുന്നതിനു ഇങ്ങിനെയൊക്കെ എഴുതണോ.അച്ചാറ് ഉണ്ടാകുന്ന  ഈസ്റെന്‍ കമ്പനി പോലുംരണ്ടു  വരിയില്‍ ഒതുക്കി .ബ്ലോഗിലെ സദാചാര പോലീസുകാര്‍ കണ്ടാല്‍ നിന്നെ  വെറുതെ വിടുമോ? അതും ശരിയാണല്ലോ , ഒരു നിമിഷം ഞാന്‍ചിന്തിച്ചു .അപ്പോഴും എന്‍റെ  മനസ്സിന് പിടി വാശി. നീ ഇങ്ങിനെ തന്നെ എഴുതണം.നീ നിന്നെ ആദ്യം ബോധിപ്പിക്കുക എന്നിട്ട് മതി നാട്ടുകാരെ .പിന്നെ ഒന്നും നോക്കിയില്ല .അഭിപ്രായം പറയാനുള്ളതാണ് ,അഭിപ്രായം ഇരുമ്പ് ഒലക്കയല്ല എന്നൊക്കെ മഹാന്‍ മാര്‍ പറഞ്ഞ പഴയ സൂത്ര വാക്യങ്ങള്‍ എടുത്തു എന്നോട് തന്നെ  കാച്ചി തടി തപ്പി .ഇപ്പോ തന്നെ ഒരു അച്ചാര്‍ പരുവം ആയി എന്ന് തോന്നുന്നു . ഇനി അച്ചാര്‍ ഉണ്ടാക്കാം .

എനിക്ക് അറിയാവുന്നത് പോലെയുള്ള ചേരുവ താഴെ ചേര്‍കുന്നു.

അവിശ്യമുള്ള സാധനങ്ങള്‍ -നല്ല പഴുത്ത കാരക്ക ,കടുക് ,ഉലുവ ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്  കറിവേപ്പില ,നല്ലെണ്ണ ,അച്ചാര്‍ പൊടി ,വിനാഗിരി,ഉപ്പ് . 

ഉണ്ടാക്കുന്ന വിധം -പാത്രം ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക .എണ്ണ ചൂടായി കഴിഞ്ഞാല്‍ കടുക് പൊട്ടിക്കുക .അല്പം ഉലുവ കൂടി ചേര്‍ക്കുക .ഉലുവ കരിയുന്നതിനു മുന്പ് ഇഞ്ചി ഇടുക.ഇഞ്ചി മൂത്ത് തുടങ്ങുമ്പോള്‍പച്ചമുളക് വെളുത്തുള്ളി ചേര്‍ക്കുക .കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചു വയറ്റുക .തീ കുറച്ചു വെച്ചതിനു ശേഷം കുരു കളഞ്ഞു ചീന്തിയ കാരക്ക ഇതില്‍ ചേര്‍ക്കുക .നന്നായി ഇളക്കി യതിനു  ശേഷം .ഇറക്കി വെച്ചു അച്ചാര്‍ പൊടി ആവിശ്യത്തിന് ചേര്‍ത്ത്അല്പം ഉപ്പും കൂട്ടി ഇളക്കുക  .എന്നിട്ട് വീണ്ടും ചെറിയ ചൂടില്‍ അല്പം സമയം കൂടി അടുപ്പത് വെച്ചതിനു ശേഷം ഇറക്കി വെക്കുക .ചൂട് ആറിയതിനു ശേഷം വിനാകിരി ചേര്‍ത്ത് നനായി ഇളക്കുക .
കാരക്ക അച്ചാറ് റെഡി .

ശ്രദ്ധികേണ്ടത് അച്ചാറ് കേടുകൂടാതെ ഇരിക്കാന്‍ നന്നായി ഉണങ്ങിയ പത്രത്തില്‍ എടുത്തു വെക്കുകയും ,നനയാത്ത സ്പൂണ്‍ ഉപയോഗിച്ച് എടുക്കുകയും ചെയ്താല്‍ കേടാകാതെ കുറെ നാള്‍ നില്‍ക്കും .

NB- ആരെങ്കിലും ഉണ്ടാക്കി കഴിച്ചു വയറിളക്കം പിടിച്ചാല്‍ എന്നെ തെറി പറയരുത് .കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കുന്നതല്ല .